കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ റെട്രോ തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും കളക്ഷനില്‍ ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഈ ബോക്‌സ് ഓഫീസ് നേട്ടം നിര്‍മാതാക്കള്‍ അറിയിച്ചത്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എൻ്റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട പ്രേക്ഷകരെ, സ്‌നേഹം നിറഞ്ഞ ആരാധകരെ. The One ന് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും മുന്‍പില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. ഈ വിജയത്തിന് ഒരുപാട് നന്ദി, കാരണം ഇതിനെല്ലാം കാരണം നിങ്ങളാണ്,’ നിര്‍മാതാക്കള്‍ കുറിച്ചു. നേരത്തെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 100 കോടി ക്ലബിലും കയറിയിരുന്നു.
സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് 80 കോടി രൂപ എന്ന റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റെട്രോ മെയ് ഒന്നിനായിരുന്നു തിയേറ്ററുകളില്‍ എത്തിയിരുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്.