അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വംഗ. രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ അനിമലിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനായി എത്തുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റ് ഏറെ ചർച്ചയാവുകയാണ്. ചിത്രത്തിൽ ബോളിവുഡ് നായിക ദീപിക പദുകോണും ഭാഗമാകുന്നു എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ദീപിക പദുക്കോണിനെ സ്പിരിറ്റിൽ ഉൾപ്പെടുത്താൻ തുടക്കം മുതൽ തന്നെ സന്ദീപ് റെഡ്ഡി ആഗ്രഹിച്ചിരുന്നു. എന്നാൽ ആ സമയം ഗർഭാവസ്ഥയിലായിരുന്ന നടി ഈ ഓഫർ അന്ന് നിഷേധിക്കുകയായിരുന്നു. പിന്നീട് സിനിമയുടെ ചിത്രീകരണം വൈകുകയും ഇപ്പോൾ സന്ദീപ് റെഡ്ഡി വീണ്ടും നടിയെ സമീപിക്കുകയുമായിരുന്നു എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ എന്ന സിനിമയിൽ ദീപികയും പ്രഭാസും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരെയും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ച് കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സ്പിരിറ്റ് 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവരുടെ പേരുകളും സിനിമയുമായി ബന്ധപ്പെട്ട് കേട്ടിരുന്നു.