പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ ബോളിവുഡിൽ എന്ന് റിപ്പോർട്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. പക്ഷേ ലിജോ മലൈക്കോട്ടൈ വാലിബന് ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിക്കുവെന്ന വാർത്തകൾ മുൻപ് വന്നിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകർ ബോളിവുഡിലേക്ക് അരങ്ങേറുന്നത് ആദ്യമല്ല. അടുത്തിടെയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഷാഹിദ് കപൂറിനെ നായകനാക്കി ‘ദേവ’ എന്ന സിനിമ പുറത്തിറക്കിയത്. മുംബൈ പോലീസ് എന്ന തന്റെ സ്വന്തം ചിത്രത്തിന്റെ റീമേയ്ക്ക് ആയിട്ടാണ് ദേവ ഇറങ്ങിയത്.
അതേസമയം, ബേസിൽ ജോസഫ് ബോളിവുഡിൽ രൺവീർ സിംഗിനെ നായകനാക്കി ശക്തിമാൻ സംവിധാനം ചെയ്യുമെന്ന വാർത്തകളും വന്നിരുന്നു. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സമയം ആയെന്നാണ് ആരാധകർ അഭിപ്രയപ്പെടുന്നത്. കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബാൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിച്ചത്. വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. മലൈക്കോട്ടെ വാലിബനുശേഷം ലിജോ മറ്റൊരു സിനിമയും സംവിധാനം ചെയ്തിട്ടില്ല. മൂൺവാക്ക് എന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനോപ്പം നിർമിച്ചായിരുന്നു ലിജോ സിനിമയിലേക്ക് തിരിച്ചു വന്നത്.