MalayalamNews

‘ഭാവിയില്‍ കഥാപാത്രങ്ങൾക്ക് പേരിടാതെ നമ്പർ ഇടേണ്ട സാഹചര്യമെന്ന് രഞ്ജി പണിക്കർ

സുരേഷ് ഗോപി നായകനാകുന്ന ജെഎസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ജാനകി എന്ന പേര് മാറ്റണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. ഏത് മതത്തിലും വ്യക്തികൾക്ക് പേരിടുന്നത് ദൈവ നാമങ്ങൾ ആയിരിക്കുമെന്നും ഈ സാഹചര്യം തുടർന്നാൽ ഭാവിയില്‍ കഥാപാത്രങ്ങൾക്ക് പേരിടാതെ നമ്പർ ഇടേണ്ട അവസ്ഥ വരുമെന്ന് രഞ്ജി പണിക്കർ പറഞ്ഞു.

‘വ്യക്തികൾക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലും അർത്ഥത്തിൽ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും. ഒരു പേരിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പർ ഇടേണ്ട സാഹചര്യത്തിലേക്ക് പോയേക്കാം. ജാനകി എന്നത് മുപ്പത്തി മുക്കോടി ദേവതകളിൽ ഒന്നിന്റെ പേരാണെങ്കിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് ഇതേ അപകട സാധ്യതയുണ്ട്. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായാണ് ഇതിനെ കാണേണ്ടത്. ഇനി സിനിമയിലും, നാടകത്തിലും, എല്ലാം നമ്പർ ഇട്ട് കഥാപാത്രങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഉണ്ടാകും,’രഞ്ജി പണിക്കർ പറഞ്ഞു.

അതേസമയം, സിനിമയുടെ ട്രെയ്‌ലറും ടീസറും അംഗീകരിച്ച സെൻസർ ബോർഡ് സിനിമയ്ക്ക് മറ്റൊരു മാനദണ്ഡമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറിയായ ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. ഇതിനെതിരെ സമരത്തിനൊരുങ്ങിയിരിക്കുകയാണ് സംഘടനകൾ. തിങ്കളാഴ്ച തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫെഫ്ക, നിർമാതാക്കളുടെ സംഘടന, അഭിനേതാക്കളുടെ സംഘടനയായ അമ്മ എന്നിവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടാകുമെന്ന് ഫെഫ്ക അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button