ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സ്പിരിറ്റ്. സന്ദീപ് വാങ്ക റെഡ്ഡിയാണ് സിനിമയുടെ സംവിധാനം. ചിത്രത്തില്‍ നിന്നും നായികയായിരുന്ന ദീപിക പദുക്കോണ്‍ പിന്മാറിയത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വിവാദങ്ങള്‍ക്കിടെ നവംബര്‍ 23ന് സിനിമയുടെ പൂജ ചടങ്ങ് നടന്നിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സാന്നിധ്യത്തിലായിരുന്നു പൂജ ചടങ്ങ്.
സ്പിരിറ്റില്‍ പ്രഭാസിനൊപ്പം അതിഥി വേഷത്തില്‍ രണ്‍ബീര്‍ കപൂറുമെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സന്ദീപ് വാങ്ക റെഡ്ഡിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ആനിമലില്‍ രണ്‍ബീര്‍ ആയിരുന്നു നായകന്‍. ആനിമല്‍ രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. സ്പിരിറ്റില്‍ രണ്‍ബീര്‍ അതിഥി വേഷത്തിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്‍ബീറും പ്രഭാസ് ഒരുമിക്കുകയാണെങ്കില്‍ അതൊരു ചരിത്രമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളിതുവരെ ഹിന്ദിയ്ക്ക് പുറമെ മറ്റൊരു ഭാഷയിലും രണ്‍ബീര്‍ അഭിനയിച്ചിട്ടില്ല. ഇതാദ്യമായിട്ടാണ് രണ്‍ബീറും പ്രഭാസും ഒരുമിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ രണ്ട് താരങ്ങള്‍ ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്ക് അതൊരു ആവേശക്കാഴ്ചയായിരിക്കുമെന്നതില്‍ സംശയമില്ല.
ദീപിക പിന്മാറിയതോടെ ചിത്രത്തില്‍ നായികയാവുക തൃപ്തി ദിമ്രിയാണ്. ആനിമലിലൂടെയാണ് തൃപ്തി താരമായി മാറുന്നത്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആനിമലാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടിയിരുന്നു. രണ്‍ബീറിന്റെ പ്രകടനവും കയ്യടി നേടി. എന്നാല്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ഹൈപ്പര്‍ മസ്‌കുലാനിറ്റിയും വിമര്‍ശിക്കപ്പെട്ടിരുന്നു.




