രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘പെദ്ധി’. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു പക്കാ റോ ആക്ഷൻ ചിത്രമാകും ‘പെദ്ധി’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഗെയിം ചേഞ്ചറിന്റെ പരാജയത്തിന്റെ ക്ഷീണം ഈ സിനിമയിൽ രാം ചരൺ തീർക്കുമെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രം 2026 മാർച്ച് 27 ന് പുറത്തിറങ്ങും.
ജാന്‍വി കപൂര്‍ നായികയായെത്തുന്ന ‘പെഡ്ഡി’ രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവര്‍ത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ‘ഉപ്പെന്ന’ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. വലിയ ബഡ്ജറ്റിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം-രത്‌നവേലു, എഡിറ്റര്‍-നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍-അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്-ഫസ്റ്റ് ഷോ, പിആര്‍ഒ-ശബരി.