നടി ഊർമിള മതോംഡ്കറുമായി ചേർത്ത് തന്നെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രാം ഗോപാൽ വർമ. രംഗീല, ദൗഡ്, സത്യ, പ്യാർ തുനേ ക്യാ കിയ എന്നീ രാംഗോപാൽ വർമ ചിത്രങ്ങളിൽ നായികയായിരുന്നു ഊർമിള മതോംഡ്കര്‍. ഊര്‍മിളയുമായുള്ള രാം ഗോപാല്‍ വര്‍മയുടെ തുടര്‍ച്ചയായ കൂട്ടുകെട്ടാണ് ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവച്ചത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തിലാണ് രാം ഗോപാൽ വർമ മറുപടി നൽകിയത്. “അവർ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. അതുകൊണ്ടാണ് ഞാൻ അവരോടൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചത്. അമിതാഭ് ബച്ചനൊപ്പം ഞാന്‍ കുറേ സിനിമകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. സിസ്റ്റവും സോഷ്യൽ മീഡിയയും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്”.- ആർജിവി പറഞ്ഞു.
1990 കളുടെ അവസാനത്തില്‍ ബോളിവുഡ് കണ്ട ഹിറ്റ് ഫോർമുലയായിരുന്നു രാം ഗോപാൽ വർമ– ഊർമിള മതോംഡ്കര്‍ കൂട്ടുകെട്ട്. എന്നാല്‍ ഊര്‍മിളയുമായുള്ള രാം ഗോപാല്‍ വര്‍മയുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ അന്നത്തെ ഭാര്യ രത്‌ന വർമയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാം ഗോപാൽ വർമയുടെ ‘ഗൺസ് & തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പുസ്തകത്തിലെ ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ’ എന്ന അധ്യായം ഊർമിള മതോംഡ്കറിനായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യത്തിൽ മയങ്ങിയാണ് രംഗീല നിർമ്മിക്കാൻ ഉദ്ദേശിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്.




