മോഹന്‍ലാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ദാദാ സാഹേബ് പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ മോഹന്‍ലാലിനെ അഭിനന്ദിച്ച് രജനികാന്ത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോഹൻലാലിനെ പ്രശംസിച്ചതായി രജനികാന്ത് അറിയിച്ചത്. ലാലേട്ടൻ മറുപടി നൽകിയിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു. ഒപ്പം ചിത്രീകരണം പുരോഗമിക്കുന്ന ജയ്ലർ സിനിമയുടെ അപ്ഡേറ്റും നടൻ പങ്കുവെച്ചു.
ജയ്ലർ 2 അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യൻ പദ്ധതിയിടുന്നതായി നടൻ പറഞ്ഞു. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. മികച്ച റോളുകൾ തന്നെ നെൽസൺ ഈ മലയാളി അഭിനേതാക്കൾക്ക് നൽകുമെന്നാണ് പ്രതീക്ഷ.
അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. സിനിമയുടെ ചിത്രീകരണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയ്ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
അതേസമയം, മോഹൻലാലിന്റെ ദാദാ സാഹേബ് പുരസ്കാര നേട്ടത്തിൽ നിരവധി പേരാണ് അഭിന്ദനം അറിയിച്ചിരിക്കുന്നത്. കമൽ ഹാസനും നേരത്തെ അദ്ദേഹത്തെ പ്രശംസിച്ച് പോസ്റ്റ് പാക്കുവെച്ചിരുന്നു. തലമുറകളെ പ്രചോദിപ്പിച്ച കലാകാരൻ ആണ് മോഹൻലാൽ എന്നും തികച്ചും അർഹമായ അംഗീകാരം ആണ് ഇതെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.