രാജീവ് മേനോന്റെ സംവിധാനത്തിൽ അജിത്, മമ്മൂട്ടി, തബു, ഐശ്വര്യ റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ ആയിരുന്നു ‘കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ടൈൻ’. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആ കഥാപാത്രത്തിലേക്ക് ആദ്യം നിരവധി താരങ്ങളെ പരിഗണിച്ചിരുന്നെന്നും എന്നാൽ ഒരു കാൽ ഇല്ലാത്ത റോൾ ആണെന്ന കാരണത്താൽ പലരും അത് നിരസിച്ചെന്നും രാജീവ് മേനോൻ പറഞ്ഞു. എന്നാൽ മമ്മൂട്ടിക്ക് അതൊന്നും ഒരു പ്രശ്നമായില്ലെന്നും രാജീവ് മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ബാല എന്ന ആ കഥാപാത്രം ഒരു മദ്യപാനിയും ഒരു കാൽ നഷ്ടപ്പെട്ട സൈനികനുമാണ്. അതാണ് ആ കഥാപാത്രത്തിന്റെ ഭംഗി. എന്നാൽ അക്കാലത്ത്, ചില പ്രമുഖ നടന്മാർ ആ വേഷം നിരസിച്ചു, ഒരു കാലുള്ള ഒരാളെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ടാണ് അവർ അത് നിരസിച്ചത്. എന്നാൽ മമ്മൂക്ക ഒരിക്കലും അതൊരു പോരായ്മയായി കണക്കാക്കിയില്ല’, രാജീവ് മേനോൻ പറഞ്ഞു. സിനിമയുടെ സെറ്റിൽ നടന്ന രസകരമായ സംഭവവും രാജീവ് മേനോൻ പങ്കുവെച്ചു.’യുദ്ധത്തിൽ മേജർ ബാലയ്ക്ക് വലതു കാൽ നഷ്ടപ്പെട്ടതിനാൽ, നടക്കുമ്പോൾ വലതുവശത്തേക്ക് ചരിഞ്ഞ് നിൽക്കാൻ മമ്മൂക്ക തീരുമാനിച്ചിരുന്നു. പക്ഷേ ചിലപ്പോൾ ഷൂട്ടിംഗിനിടെ അദ്ദേഹം അത് മറന്നുപോകും.
ഒരു ദിവസം, അദ്ദേഹം ഇടതുവശത്തേക്ക് ചാരി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ അസിസ്റ്റന്റ് ഡയറക്ടർക്ക് അത് ചൂണ്ടിക്കാണിക്കണോ വേണ്ടയോ എന്ന് ഉറപ്പില്ലായിരുന്നു. അപ്പോൾ മമ്മൂട്ടി തന്നെ ചോദിക്കും, ‘ഞാൻ വലത്തോട്ടാണോ ഇടത്തോട്ടാണോ ചാരി നിൽക്കേണ്ടത് എന്ന്’, രാജീവ് മേനോൻ തമാശരൂപേണ പറഞ്ഞു.എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും ജനപ്രിയമാണ്. ചിത്രത്തിലെ മമ്മൂട്ടിയും ഐശ്വര്യ റായിയും തമ്മിലുള്ള പ്രൊപോസൽ സീനിനും ആരാധകർ ഏറെയാണ്.