96, മെയ്യഴകൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് പ്രേംകുമാർ. രണ്ടു സിനിമകൾക്കും വലിയ ജനപ്രീതിയാണുള്ളത്. ഇപ്പോഴിതാ താൻ അടുത്ത സിനിമ ഫഹദ് ഫാസിലിനൊപ്പം ചെയ്യാൻ ഒരുങ്ങുന്നു എന്ന് മനസുതുറക്കുകയാണ് അദ്ദേഹം. ത്രില്ലർ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും കഥ ഫഹദിന് വളരെ ഇഷ്ടമായെന്നും പ്രേംകുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘ഇപ്പോൾ ഞാൻ എഴുതുന്ന ത്രില്ലർ കഥ മനസ്സിൽ വന്നിട്ട് നാല് വർഷത്തോളമായി. ത്രില്ലും ഒപ്പം കുറച്ച് ഫൈറ്റൊക്കെ ഉള്ള കഥയായതിനാൽ എന്റെ കൂടെ ഉള്ളവർ ആ സിനിമ ഞാൻ പതുക്കെ ചെയ്താൽ മതിയെന്നാണ് പറഞ്ഞത്.
കാരണം വളരെ സോഫ്റ്റ് ആയ കഥകൾ പറയുന്ന സംവിധായകൻ എന്നൊരു ഇമേജ് എനിക്ക് വന്നു അത് ഉടനെ നീ മാറ്റണ്ട എന്നാണ് അവർ പറഞ്ഞത്. പക്ഷെ ആ കഥയാണ് ഇപ്പോൾ എനിക്ക് ചെയ്യേണ്ടത്. ആ കഥ ഫഹദ് ഫാസിലിന് ഒരുപാട് ഇഷ്ടമായി. കഥ 45 മിനിറ്റോളം അദ്ദേഹത്തോട് പറഞ്ഞു. അത് പറയുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ ഭാവമാറ്റങ്ങൾ ഒക്കെ രസമായിരുന്നു. ജനുവരിയിൽ ആ സിനിമയുടെ ഷൂട്ട് തുടങ്ങും’, പ്രേംകുമാറിനെ വാക്കുകൾ. മെയ്യഴകൻ ആണ് അവസാനമായി പുറത്തിറങ്ങിയ പ്രേംകുമാർ ചിത്രം. കാർത്തി, അരവിന്ദ് സാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ സിനിമ മികച്ച പ്രതികരണമാണ് നേടിയത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്.
ശ്രീദിവ്യ, രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സുധീഷ് ശങ്കർ ഒരുക്കിയ മാരീസൻ ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ഫഹദിന്റെ തമിഴ് ചിത്രം. വടിവേലുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കിയത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചു. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുധീഷ് ശങ്കർ ഒരുക്കിയ സിനിമയാണ് മാരീസൻ. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീസൻ.