പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഡീയസ് ഈറേ. സൂപ്പർ ഹിറ്റ് ചിത്രമായ ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഓരോ അപ്‌ഡേറ്റിലും ചിത്രത്തിന്റെ ക്വാളിറ്റി ഒട്ടും കുറയാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഗംഭീര ഹൊറര്‍ ത്രില്ലറാകും ഡീയസ് ഈറേയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്കാതെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.
വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം അണിനിരക്കുന്ന ഡീയസ് ഈറേ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അമാനുഷിക സംഭവങ്ങളുമാണ് ഡീയസ് ഈറേയുടെ കഥയെന്ന് മാത്രമേ ട്രെയ്‌ലര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നുള്ളൂ.
‘പ്രണവ് ആകെ മാറിയിരിക്കുന്നു’, ‘പ്രണവിന്റെ 100 കോടി തുടക്കം ഇവിടെ നിന്ന് ആയിരിക്കും’, ‘കണ്ടിട്ട് അടുത്തൊരു ഭൂതകാലം ആവും എന്നാ തോന്നുന്നേ’ എന്നൊക്കെയാണ് ട്രെയ്‌ലറിന് ലഭിക്കുന്ന കമന്റുകൾ. പ്രണവ് മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനം ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു.