MalayalamNews

പെപ്പെയുടെ’കാട്ടാളൻ’; ആഗസ്റ്റ് 22 ന് ചിത്രീകരണം ആരംഭിക്കും

മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയിൽ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിക്കുന്നത്. മാർക്കോ നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്ത് വയ്ക്കുന്നുണ്ട്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ച് കോടി രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസ്സിലാണ് ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.കഥാകൃത്തും, നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്.

മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി – 2, കൺ ക്ലൂഷൻ, ജവാൻ ബാഗി – 2,ഓങ്ബാക്ക് 2,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ആന്റണി വർഗീസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ് എന്ന യഥാർത്ഥ പേര് തന്നെയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ എത്തുന്നത്. രജീഷാ വിജയനാണ് ചിത്രത്തിന്റെ നായിക. മലയാളത്തിന് പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്,
വ്ളോഗറും സിംഗറുമായ ഹനാൻഷാ,റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു തുടങ്ങി മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button