അജു വർഗീസ്, രൺജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഏപ്രിൽ 24ന് പ്രദർശനത്തിനെത്തുന്ന ഈ കോമഡി ആക്ഷൻ ഡ്രാമ ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു ലാൽ, ബൈജു എഴുപുന്ന, അഖിൽ കവലയൂർ, ജോമോൻ, ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരും അഭിനയിക്കുന്നു.
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സലോൺ സൈമന്റെ ആദ്യ ചിത്രമാണ് ‘പടക്കുതിര’. മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്, ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്, മഞ്ജു ഐ. ശിവാനന്ദൻ, ആതിര എസ്. നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു.
മൂന്നു സ്ത്രീകൾ ഒരുമിച്ചാണ് നിർമ്മിക്കുന്നതെന്ന പ്രത്യേകതയും പടക്കുതിരയ്ക്കുണ്ട്. ഒരേ മുഖം, പുഷ്പക വിമാനം എന്നീ ചിത്രങ്ങൾക്ക് ശേഷം ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് ‘പടക്കുതിര’യുടെ തിരക്കഥയും സംഭാഷണവുമെഴുതുന്നു.