ക്രിസ്റ്റഫർ നോളന്റെ സംവിധാനം ചെയ്യുന്ന ഒഡീസിയുടെ ടീസർ ഓൺലൈനിൽ ലീക്കായി. അടുത്ത വർഷം ജൂലൈ 17 ന് ലോകം മുഴുവൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ സ്വകാര്യ സദസ്സിൽ പ്രീമിയർ ചെയ്യുന്നതിനിടയിൽ ആരോ സ്മാർട്ട് ഫോണിൽ പകർത്തുകയാണുണ്ടായതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മാറ്റ് ഡെമൺ, ടോം ഹോളണ്ട്, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ആൻ ഹാഥ് വേ, എലിയട്ട് പേജ്, ചാർലെസ് തെറോൺ, മിയ ഗോത്, തുടങ്ങിയ വമ്പൻ താരനിരയാണ് ഒഡീസിക്കായി അണിനിരക്കുന്നത്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 13 ആം ചിത്രമായ ഒഡീസി സംവിധായകൻ പൊതുവെ ചെയ്യാറുള്ള സയൻസ് ഫിക്ഷൻ, സൈക്കോളജിക്കൽ ത്രല്ലർ ഗണത്തിൽ നിന്ന് വിഭിന്നമായി ഗ്രീക്ക് ഇതിഹാസമായ ഒരു നാടോടിക്കഥയാണ് എന്നത് ശ്രദ്ധേയമാണ്.
എങ്കിലും സിജിഐ, വിഎഫ്എക്സ് സങ്കേതങ്ങൾ പരമാവധി ഒഴിവാക്കി വമ്പൻ സാഹസിക രംഗങ്ങൾ യാത്രാത്യമായി ചിത്രീകരിക്കുന്നതിനു പ്രസിദ്ധനായ നോളൻ മായാജാലവും, ഭീകര രൂപികളും എല്ലാം അടങ്ങിയ ഒഡീസിയെ എങ്ങനെ സിനിമ രൂപത്തിലാക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ഒഡീസിയുടെ ലൊക്കേഷനുകൾ മൊറോക്കോ, സിസിലി, ഗ്രീസ്, ഐസ്‌ലാൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ ഇടങ്ങളിലാണ്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുഴുവനായും ഐമാക്‌സിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഒഡീസി.