അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിൻ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ഹൊറർ കോമഡി മൂഡിലാണ് സിനിമ ഒരുങ്ങുന്നത്. പ്രേത സിനിമകൾ കാണാൻ പേടിയുള്ള കൂട്ടത്തിലാണ് താനും അഖിൽ സത്യനെന്നും പറയുകയാണ് നിവിൻ പോളി. ഞങ്ങൾ ചെയ്യുന്ന പ്രേതസിനിമ കണ്ട് ഞങ്ങൾ തന്നെ പേടിക്കരുതെന്ന തീരുമാനം ആദ്യം തന്നെ എടുത്തിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ഞാനും അഖിലും പ്രേത സിനിമകൾ കാണാൻ പേടിയുള്ള കൂട്ടത്തിലാണ്. ഞങ്ങൾ ഒരുമിച്ച് ചെയ്യുന്ന പ്രേതസിനിമ കണ്ട് ഞങ്ങൾ പേടിക്കരുതെന്ന തീരുമാനം ആദ്യംതന്നെ എടുത്തിരുന്നു. കുടുംബസമേതം തിയേറ്ററിൽ പോയി കാണാവുന്ന കോമഡി ഹൊറർ ചിത്രമാണ് സർവ്വം മായ. ഹൊറർ, പ്രേതം എന്നെല്ലാം കേൾക്കുമ്പോൾ കുട്ടികൾക്കെല്ലാം തിയേറ്ററിലേക്ക് ഇറങ്ങാൻ പേടിയായിരിക്കും.
എന്നാൽ സർവ്വം മായ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന കഥയാണ് സിനിമയുടേത്. നിവിനിൽ നിന്ന് ഹാപ്പി മുഡിലുള്ള ഫിൽഗുഡ് പടങ്ങൾ വരുന്നില്ലെന്നും സീരിയസ് വേഷങ്ങളിലേക്ക് അയാൾ മാറുന്നു എന്നെല്ലാമുള്ള അടക്കം പറച്ചിലുകൾ അടുത്തകാലത്തായി കുറെ കേട്ടിട്ടുണ്ട്. അത്തരം പരാമർശങ്ങൾക്കെല്ലാമുള്ള ചിരിയിൽപൊതിഞ്ഞ മറുപടിയാകും സർവ്വം മായ; നിവിൻ പോളി പറഞ്ഞു.
അതേസമയം, വളരെനാളുകൾക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് സർവ്വം മായയിലൂടെ കയ്യടി വാങ്ങുമെന്ന പ്രതീക്ഷയുമുണ്ട് ആരാധകർക്ക്. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.




