അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. ആദ്യ ദിനം 3.50 കോടി ആയിരുന്നു സർവ്വം മായ കേരളത്തിൽ നിന്ന് നേടിയത്. രണ്ടാം ദിനം ഇത് 4.10 കോടിയിലേക്ക് ഉയർന്നു. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാം സിനിമയ്ക്ക് നാല് കോടിക്ക് മുകളിൽ കേരളത്തിൽ നിന്ന് നേടാനായി.
ഇതിൽ നാലാമത്തെയും എട്ടാമത്തെയും ദിനങ്ങളിൽ അഞ്ച് കോടിക്കും മുകളിൽ സിനിമ വാരിക്കൂട്ടി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 8.15 കോടിയാണ് സർവ്വം മായ ഇതുവരെ നേടിയത്. ഇതോടെ സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 59.15 കോടിയായി. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.
പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.




