തെന്നിന്ത്യൻ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ ഇടമുണ്ടാക്കിയ നടിയാണ് നിഖില വിമൽ. സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ പാചകമികവും ഭക്ഷണശീലങ്ങളും പങ്കുവച്ചിരിക്കുകയാണ് നിഖില. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
‘എനിക്ക് ചോറ് ഉണ്ടാക്കാൻ അറിയില്ല. ചോറ് വയ്ക്കണമെങ്കിൽ ചേച്ചിയെ വിളിച്ച് ചോദിക്കണം. ഏത് അരിയെന്നും വേവ് എത്രയെന്നും എന്നും കൃത്യമായി അറിയില്ല. അതുകൊണ്ട് ചേച്ചിയെ വിളിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മില്ലറ്റ് കൊണ്ടുള്ള ആഹാരമാണ് ഉണ്ടാക്കുന്നത്. പരിപ്പ് തിരിച്ചറിയാനും അറിയില്ല. ദോശയ്ക്കും അപ്പത്തിനുമൊക്കെ എത്ര അരിയും ഉഴുന്നും വേണമെന്നും അറിയില്ല. ഓരോ മസാല പൊടിയും ഏതാണെന്ന് ചേച്ചിയോട് വിളിച്ചുചോദിക്കും.
എനിക്ക് എല്ലാ ഭക്ഷണവും ഇഷ്ടമാണ്. ഇഷ്ടമല്ലാത്ത ഭക്ഷണം എന്നൊന്നില്ല. എന്തുതന്നാലും ഇഷ്ടമാണ്. വെറുതെ പച്ചക്കറി അരിഞ്ഞിട്ട് കഴിക്കുന്ന സാലഡിനോട് മാത്രം അത്ര താത്‌പര്യമില്ല. എറണാകുളത്ത് പോകാത്ത കടകൾ ഉണ്ടാകാറില്ല. ഫുഡ് എക്‌സ്‌പ്ളോർ ചെയ്യാറുണ്ട്. എന്റെ വീട്ടിൽ നോൺ വെജ് ഏറ്റവും നന്നായി ഉണ്ടാക്കുന്നത് ഞാനാണ്. ചോറ്, മീൻകറി, ബീറ്റ്‌റൂട്ട് തോരൻ, മീൻ വറുത്തത് ഒക്കെയാണ് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങൾ. സെറ്റിലെ കഞ്ഞിയും ഉണക്കമീനും ഒക്കെ ഇഷ്ടമാണ്’- നിഖില വിമൽ പറഞ്ഞു.