അഭിനയത്തേക്കാൾ കൂടുതൽ നൃത്തവേദികളിലാണ് നടി നവ്യയിപ്പോൾ സജീവമായിരിക്കുന്നത്. നൃത്തത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും മാതംഗി എന്ന തന്റെ നൃത്തവിദ്യാലയത്തെക്കുറിച്ചുമൊക്കെ നവ്യ പൊതുവേദികളിലടക്കം വാചാലയാകാറുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയാണ് നവ്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
നവ്യയ്ക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നവ്യ. നൃത്തത്തെക്കുറിച്ച് നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. “നൃത്തം എന്ന കല കയ്യിലുള്ളതു കൊണ്ടും, നവ്യ നായർ എന്ന പേര് നില നിന്ന കൊണ്ടും എന്നെ കാണാൻ ഓഡിയൻസ് എപ്പോഴുമെത്തും.
അതുകൊണ്ട് എനിക്കിപ്പോൾ കൈ നിറയെ പ്രോഗ്രാമുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ജീവിക്കാൻ എനിക്ക് അഭിനയിച്ച് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. അതുള്ളപ്പോൾ എനിക്ക് അഭിനയത്തെ ഒരു പാഷനായിട്ട് മാറ്റി വയ്ക്കാം. എനിക്ക് ഇഷ്ടമുള്ളപ്പോൾ ആഗ്രഹിക്കുമ്പോൾ അത് ചെയ്യാം. വലിയ അതിമോഹങ്ങളൊന്നും എനിക്ക് ജീവിതത്തിലില്ല”. – നവ്യ പറഞ്ഞു.
ഒരുത്തീ താൻ തിരഞ്ഞെടുത്ത സിനിമകളിലൊന്നാണെന്നും വരാനിരിക്കുന്ന പാതിരാത്രി എന്ന ചിത്രവും അത്തരത്തിലുള്ളതാണെന്ന് നവ്യ പറയുന്നു. ഇങ്ങോട്ട് വരുന്ന സിനിമകളിൽ നിന്ന് മാത്രമേ തനിക്ക് സിനിമ സെലക്ട് ചെയ്യാൻ കഴിയുകയുള്ളൂവെന്നും നടി പറഞ്ഞു. തനിക്ക് വൈബ്രന്റായ കഥാപാത്രങ്ങൾ ഇഷ്ടമാണെന്നും അത്തരത്തിലുള്ള സിനിമകൾ തന്നെ തേടിയെത്തിയാൽ ചെയ്യുമെന്നും നവ്യ കൂട്ടിച്ചേർത്തു. പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ചിത്രത്തിൽ പൊലീസുകാരിയായാണ് നവ്യ എത്തുന്നത്. ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.




