CelebrityMalayalamNews

‘മറ്റാര്‍ക്കും തോന്നിയില്ല’ : മമ്മൂട്ടിയുടെ മെസേജ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു പോയി ; മല്ലിക സുകുമാരന്‍

എംപുരാന്‍ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ.

ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.

തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button