ജിയോഹോട്ട്സ്റ്റാറിന്റെ ‘ജിയോഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്’ എന്ന പരിപാടി ഇന്ന് നടക്കാനൊരുങ്ങുകയാണ്. ഹോട്ട്സ്റ്റാറിന്റെ ഇനി വരാനിരിക്കുന്ന പുതിയ സിനിമകളും സീരീസുകളും മറ്റു ഷോകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കും. ഇപ്പോഴിതാ ഈ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അതിയായ സന്തോഷം’ എന്ന ക്യാപ്ഷനോടെ നിവിൻ പോളിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പ്ലൈനിനകത്ത് ഇരിക്കുന്ന മൂവരുടെയും ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഒപ്പം ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തിൽ കാണാം. നിമിഷ നേരംകൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായത്. ‘പ്രണവ് ഇവിടെ ഉണ്ടായിരുന്നോ, മല കയറാൻ ഒന്നും പോയില്ലേ’ എന്നാണ് ചിലർ തമാശരൂപേണ കമന്റിൽ കുറിക്കുന്നത്. ഇവർ മൂവരും ഏതെങ്കിലും ഒരു സിനിമയിൽ ഒന്നിച്ചെത്തണമെന്നും കമന്റുകൾ ഉണ്ട്.
അതേസമയം, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ നിന്നുള്ള അൻപതോളം പുതിയ ഷോകളാണ് ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നത്. ചെന്നൈയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, നിവിൻ പോളി നായകനായി എത്തുന്ന പുതിയ ഹോട്ട്സ്റ്റാർ സീരീസ് റിലീസിന് ഒരുങ്ങുകയാണ് ഫർമാ എന്ന് പേരിട്ട സീരീസ് ഡിസംബർ 19 നാണ് പുറത്തുവരുന്നത്. ‘ഫൈനൽസ്’ എന്ന ചിത്രത്തിന് ശേഷം പി ആർ അരുൺ ഒരുക്കുന്ന പ്രോജെക്ട് ആണിത്. ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാർമക്കുണ്ട്.
നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. മേക്ക് അപ്പ് : സുധി കട്ടപ്പന ചീഫ് അസ്സോസിയേറ് ഡയറക്ടർ : സാഗർ, കാസ്റ്റിങ്: വിവേക് അനിരുദ്ധ്.




