ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം മലയാളം സിനിമ തകർത്ത് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുണ്ടാകുന്നത്. മികച്ച പ്രതികരണങ്ങൾ നേടുന്നതിനോടൊപ്പം കളക്ഷനിലും വലിയ മുന്നേറ്റമുണ്ടാക്കാൻ മോളിവുഡിന് സാധിക്കുന്നുണ്ട്. നിരവധി 100 കോടി സിനിമകൾ ഇപ്പോൾ മലയാളത്തിന്റെ ഭാഗമാണ്. ഇപ്പോഴിതാ മലയാളത്തിൽ ഏറ്റവും കൂടുതൽ ഷെയർ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ട്രാക്കർമാരുടെ ലിസ്റ്റ് പ്രകാരം മോഹൻലാൽ ചിത്രമായ തുടരും ആണ് ഒന്നാം സ്ഥാനത്ത്. 50.50 കോടി ഷെയർ ആണ് സിനിമ കേരള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. കേരളത്തിൽ നിന്നും 50 കോടി ഷെയർ നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് തുടരും. തരുൺ മൂർത്തി ഒരുക്കിയ സിനിമ മലയാളത്തിലെ സകല റെക്കോർഡുകളും തകർത്താണ് തിയേറ്റർ വിട്ടത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ലിസ്റ്റിൽ രണ്ടാമത്. 39 കോടി ഷെയർ ആണ് എമ്പുരാൻ കേരളത്തിൽ നിന്നും നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമ 325 കോടിയാണ് ആഗോള ബിസിനസിലൂടെ നേടിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. മലയാള സിനിമയുടെ ആദ്യ 300 കോടി നേട്ടം കൂടിയാകുകയാണ് ഇതോടെ എമ്പുരാന്‍. 266.45 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷന്‍ എന്നാണ് സാക്‌നിക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 105.43 കോടി ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 124.40 കോടിയാണ്.
ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 36 കോടി ഷെയർ നേടിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടിക്കും മുകളിൽ നേടിയിരുന്നു. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് നാലാമത്. വൈശാഖ് സംവിധാനം ചെയ്ത സിനിമ 34 കോടി ഷെയർ ആണ് കേരളത്തിൽ നിന്നും നേടിയത്. മലയാളത്തിൻ്റെ ആദ്യ 100 കോടി സിനിമയാണ് പുലിമുരുകൻ. 32.75 കോടി രൂപ ഷെയറുമായി ആടുജീവിതമാണ് അഞ്ചാം സ്ഥാനത്തുള്ളത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.