പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഖലീഫ’. പൃഥിയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോക്ക് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിൽ മോഹൻലാൽ പ്രധാനപ്പെട്ട അതിഥി വേഷത്തിലെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പൃഥ്വിയുടെ മുൻഗാമി അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നതെന്നാണ് എക്സ് ഹാൻഡിലുകൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ.
ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.
ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.




