ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയായ ആട് 3ക്കായി മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. സിനിമയുടെ ഴോണർ സംബന്ധിച്ചും കഥ സംബന്ധിച്ചും പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. അതിൽ ഏറ്റവും അധികം പ്രചരിച്ച ഒരു അഭ്യൂഹമായിരുന്നു ആട് 3 ഒരു സോംബി പടമായിരിക്കും എന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ പൂജ ചടങ്ങിൽ സിനിമയുടെ ഴോണർ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. ആട് 3 ഒരു സോംബി ചിത്രമായിരിക്കില്ല എന്നും എന്നാൽ വ്യത്യസ്തമായ ഴോണറിലായിരിക്കും സിനിമ കഥ പറയുക എന്നും അദ്ദേഹം പറഞ്ഞു.
‘ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചുകൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3 ,’ എന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ആട് 3 എന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഇ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സി ജി ഒക്കെ വരുന്ന സിനിമയാണ്,’ എന്നും മിഥുൻ കൂട്ടിച്ചേർത്തു.