Malayalam

എന്റെ പ്രിയപ്പെട്ട അഞ്ച് സംവിധായകരിൽ ഒരാൾ പൃഥ്വിരാജ്, കാരണം വ്യക്തമാക്കി മഞ്ജു വാര്യർ

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ കാന്‍വാസും ബജറ്റുമുള്ള സിനിമകളിൽ ഒന്നായിരുന്നു പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറും എമ്പുരാനും. സിനിമയിൽ മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയിരുന്നു. ലൂസിഫറിന്റെ അന്നൗൺസ്‌മെന്റ് വന്നപ്പോൾ തനിക്കും ആ സിനിമയുടെ ഭാഗമാക്കൻ കഴിഞ്ഞെങ്കിൽ എന്ന് കൊതിച്ചിരുന്നുവെന്ന് പറയുകയാണ് മഞ്ജു. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചും മഞ്ജു മനസ് തുറന്നു. 

‘മോഹൻലാലിനെ വെച്ച് പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ ആ സിനിമയുടെ ഭാഗമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു. എന്റെ ഭാഗ്യത്തിന് അതിൽ ഒരു വേഷം ചെയ്യാൻ എന്നെ രാജു വിളിച്ചു. എനിക്ക് ഇതുവരെ കിട്ടിയതിൽ ഒരു നല്ല ശക്തിയുള്ള വേഷമായിരുന്നു പ്രിയദർശിനി രാം ദാസ്. ലൂസിഫറിലും എമ്പുരാനിലും രാജു പറഞ്ഞു തരുന്ന ജോലി ചെയ്യാൻ ശ്രമിക്കുന്ന ആളായിരുന്നു ഞാൻ. കാരണം കൃത്യമായി നല്ല ധാരണ രാജുവിന്റെ മനസിൽ ഉണ്ട്.

എനിക്ക് രാജു എന്ന സംവിധായകനെ മാത്രമേ പരിചയം ഉള്ളൂ. കാരണം ഞാൻ രാജുവിന്റെ ഒപ്പം അഭിനയിച്ചിട്ടില്ല. ഒരുപക്ഷെ രാജു ഇത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അഭിനേതാക്കൾക്ക് വളരെ കംഫോർട്ടബിൾ ആണ്. അത് രാജു നടൻ ആയത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. അല്ലെങ്കിൽ രാജുവിന്റെ സംസാരം അത്രയും ടോപ് ആയത് കൊണ്ടാണോ എന്നും എനിക്ക് അറിയില്ല. എന്റെ അഞ്ച് പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ എന്തായാലും രാജു ഉണ്ടാകും. എമ്പുരാനിൽ ആണെങ്കിലും ബ്രോ ഡാഡി, ലൂസിഫർ സിനിമകളിൽ പ്രവർത്തിച്ച ആരോട് ചോദിച്ചാലും രാജുവെന്ന സംവിധായകനെക്കുറിച്ച് നൂറു നാവാണ്. എന്നെ സംബന്ധിച്ച് എനിക്ക് അത് മാത്രമേ അറിയുകയുള്ളൂ,’ മഞ്ജു വാര്യർ പറഞ്ഞു.

അതേസമയം, മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് എമ്പുരാൻ. ഈ വർഷം ആദ്യമായിരുന്നു സിനിമ തിയേറ്ററിൽ എത്തിയത്. സിനിമയുടെ ആശയത്തിന് നേരെ സംഘ പരിവാർ ആക്രമണങ്ങൾ നടന്നിരുന്നു, എന്നിട്ടും സിനിമ മികച്ച കളക്ഷനാണ് തിയേറ്ററിൽ നിന്ന് നേടിയത്. സിനിമയുടെ മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്. മൂന്നാം ഭാഗത്തിൽ വളരെ ശക്തമായ വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത് എന്ന ഉറപ്പ് നൽകി കൊണ്ടായിരുന്നു എമ്പുരാൻ അവസാനിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button