NewsTamil

അനുവാദമൊന്നും വാങ്ങാതെയാണ് ആ ഗാനം സിനിമയിൽ ഉപയോഗിച്ചു; കേസിന് പോകാനില്ല: ത്യാഗരാജൻ

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ വമ്പൻ കളക്ഷൻ ആണ് നേടിയത്. ചിത്രത്തിലെ മകൻ കഥാപാത്രം ‘മലയൂർ’ എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെക്കുന്ന രംഗം വലിയ സ്വീകാര്യതയായിരുന്നു നേടിയത്. ത്യാഗരാജൻ സംവിധാനം ചെയ്ത് പ്രശാന്ത് നായകനായി എത്തിയ ‘മമ്പട്ടിയൻ’ എന്ന സിനിമയിലെ ഗാനമാണ് ഇത്. ചിത്രത്തിലെ ഈ ഗാനം ടൂറിസ്റ്റ് ഫാമിലിയിൽ ഉപയോഗിക്കനായി അനുവാദമൊന്നും വാങ്ങിയിരുന്നില്ലെന്നും എന്നാൽ അതിനെതിരെ കേസ് കൊടുക്കണമെന്ന ചിന്ത തനിക്കില്ലെന്നും തുറന്നുപറയുകയാണ് നടനും സംവിധായകനുമായ ത്യാഗരാജൻ.

‘ടൂറിസ്റ്റ് ഫാമിലിയിൽ മമ്പട്ടിയനിലെ പാട്ട് ഉപയോഗിച്ചതിന് സിനിമയുടെ സംവിധായകനോട് നന്ദി പറയുന്നു. ആ പാട്ട് ഇത്രയും സ്വീകരിക്കപ്പെടുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ പാട്ട് ഉപയോഗിക്കുന്നതിനായി എന്നോട് ആരും അനുവാദം ചോദിച്ചിരുന്നില്ല. ഒരുപാട് പേർ എന്നോട് എന്താണ് കേസ് കൊടുക്കാത്തതെന്ന് ചോദിച്ചു. എന്റെ സിനിമയിലെ ഒരു പാട്ട് അവർ ഉപയോഗിച്ച് ആ സിനിമ വിജയമായി മാറിയതിൽ എനിക്ക് സന്തോഷമുണ്ട്. കേസ് കൊടുത്ത് അവരിൽ നിന്ന് കാശ് വാങ്ങണം എന്ന ചിന്ത എനിക്കില്ല. അവരെ വിളിച്ച് ഞാൻ അഭിനന്ദിച്ചിരുന്നു. അല്ലാതെ ആ പാട്ട് എന്തിനാണ് ഉപയോഗിച്ചത് എന്ന് അവരോട് ചോദിക്കണം എന്ന് പോലും എനിക്ക് തോന്നിയില്ല. ടൂറിസ്റ്റ് ഫാമിലിയിൽ വന്നതോടെ വീണ്ടും ഒരുപാട് ആളുകളാണ് ആ പാട്ട് കേൾക്കുന്നത്. അതിന് അത്രയും റീകോൾ വാല്യൂ ഉള്ളപ്പോൾ ശരിക്കും ഞാൻ ആണ് അങ്ങോട്ട് കാശ് കൊടുക്കേണ്ടത്’, ത്യാഗരാജൻ പറഞ്ഞു.

75 കോടിയാണ് ടൂറിസ്റ്റ് ആഗോള കളക്ഷൻ. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് കളക്ഷന്റെ വിവരം പുറത്തുവിട്ടത്. 15 കോടി ബഡ്ജറ്റിൽ ആയിരുന്നു ചിത്രം ഒരുങ്ങിയത്. ഇതോടെ ശശികുമാറിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ടൂറിസ്റ്റ് ഫാമിലി മാറി. ശശികുമാറിനും സിമ്രാനുമൊപ്പം ‘ആവേശം’ എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button