ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ എഡിറ്റ് ചെയ്ത സങ്കതമിഴൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമയുടെ ക്ലൈമാക്‌സും ഇന്റർവെല്ലും ഞെട്ടിക്കുമെന്നാണ് സങ്കതമിഴൻ പറയുന്നത്. ‘സിനിമയുടെ ഇന്റർവെൽ നിങ്ങളെ ഞെട്ടിക്കും. ഇതുവരെ നിങ്ങൾ കണ്ട സിനിമകളേക്കാൾ ഭയങ്കരമായിരിക്കും അത്. വളരെ ഗംഭീരമായിട്ടാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്’, സങ്കതമിഴന്റെ വാക്കുകൾ.
സിനിമയുടെ ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകൾക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. ശിവകാർത്തികേയന്റെ ഇതുവരെ കാണാത്ത പവർ ഫുൾ പെർഫോമൻസ് ആണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റൊമാൻസ് മാത്രമായിരിക്കില്ല ചിത്രം ഗംഭീര ആക്ഷനും ഉറപ്പ് നൽകുന്നുണ്ട്. വിദ്യുത് ജംവാൾ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്.
‘തുപ്പാക്കി’ എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന സിനിമയിൽ സായ് അഭ്യങ്കാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മദ്രാസി ആദ്യം പ്ലാൻ ചെയ്തത് ബോളിവുഡ് താരം ഷാറൂഖ് ഖാനെ നായകനാക്കി ആയിരുന്നുവെന്നും മുരുഗദോസ് പറഞ്ഞിരുന്നു. മദ്രാസിയുടെ ഐഡിയ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാറൂഖിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് എ ആർ മുരുഗദോസ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.