ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ വിവരങ്ങൾ പുറത്തുവരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 87 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഇത് ശിവകാർത്തികേയന്റെ കരിയറിലെ നാലാമത്തെ ഉയർന്ന കളക്ഷൻ ചിത്രമാണ്. തമിഴ്നാട്ടിൽ നിന്നുമാത്രമായി മദ്രാസി ഇതുവരെ നേടിയത് 54 കോടിയാണ്. അമരൻ, ഡോൺ, ഡോക്ടർ എന്നീ സിനിമകളാണ് കളക്ഷനിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ശിവകാർത്തികേയൻ സിനിമകൾ. 331 കോടിയാണ് അമരന്റെ കളക്ഷൻ.
ഡോൺ 125 കോടിയും ഡോക്ടർ 102 കോടിയുമാണ് നേടിയത്. അതേസമയം, നിരവധി പരാജയങ്ങൾക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങൾ. സിനിമയിലെ ആക്ഷൻ രംഗങ്ങളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിൽക്കുന്നെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.
വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമയുടെ റിലീസിന് പിന്നാലെ നായകനൊപ്പം പ്രശംസ നേടുകയാണ് വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം. നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമാണ് കമന്റുകൾ. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങൾ.