തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കൈതി 2’. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു ‘കെെതി’. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് ലോകേഷ് നേരത്തെ അറിയിച്ചിരുന്നു. കൈതിയിൽ കാർത്തിയുടെ അഭിനയത്തിനൊപ്പം പ്രശംസകൾ നേടിയതായിരുന്നു സാം സി എസിന്റെ ബിജിഎമ്മും പാട്ടുകളും. എന്നാൽ രണ്ടാം ഭാഗത്തിൽ സാം സി എസ് ഉണ്ടാകില്ല, അനിരുദ്ധ് ആയിരിക്കും സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. ലോകേഷ് തന്നെയാണ് ഇക്കാര്യം വ്യകത്മാക്കിയത്. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘അനിരുദ്ധ് ഇല്ലാതെ താൻ ഇനി ഭാവിയിൽ സിനിമകൾ ചെയ്യില്ല. ഇനി അഥവാ അനിരുദ്ധ് ഇൻഡസ്ട്രി വിടുകയാണെങ്കിൽ മാത്രം ഞാൻ മറ്റ് ഓപ്ഷനുകൾ നോക്കുകയുള്ളൂ’ എന്നാണ് ലോകേഷ് പറഞ്ഞത്. ഈ വീഡിയോ വൈറൽ ആയതിന് പിന്നാലെയാണ് ലോകേഷ് ഒരുക്കുന്ന കൈതി 2 വിൽ സാം സി എസ് ഉണ്ടാകില്ലെന്ന് ആരാധകർ ഉറപ്പിച്ചത്.
അതേസമയം, കൈതിയ്ക്ക് മുന്നേ ലോകേഷ് രജിനികാന്തിനെയും കമൽ ഹാസനെയും വെച്ച് ഒരു ചിത്രം ചെയ്യുമെന്ന വാർത്തകൾ എത്തിയിരുന്നു. എന്നാൽ കൈതി 2 ചെയ്തതിന് ശേഷം ലോകേഷിന് രജനി-കമൽ സിനിമയിലേക്ക് കടക്കാമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എത്രയും പെട്ടെന്ന് ലോകേഷ് എൽസിയുവിലക്ക് തിരിച്ചുപോണമെന്നും കൈതി രണ്ടാം ഭാഗത്തിന് ശേഷം കൈതി v/s റോളെക്‌സ് ചിത്രം ഉടനെ ആരംഭിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, കൂലി എന്ന സിനിമയിലൂടെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും. എന്നാൽ ലോകേഷിന്റെ കൂലി പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനമല്ല തിയേറ്ററിൽ കാഴ്ചവെച്ചത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ലഭിച്ചത്.