റോക്കി, ക്യാപ്റ്റൻ മില്ലർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് അരുൺ മാതേശ്വരൻ. മികച്ച പ്രതികരണം നേടിയ ഈ സിനിമകൾ വലിയ തോതിൽ ജനശ്രദ്ധയും ആകർഷിച്ചിരുന്നു. ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക് ആണ് അടുത്തതായി അരുൺ മാതേശ്വരൻ ഒരുക്കുന്നതെന്ന് നേരത്തെ അപ്ഡേറ്റ് വന്നെങ്കിലും ചിത്രം നീട്ടിവയ്ക്കുകയായിരുന്നു. പകരം സംവിധായകൻ ലോകേഷ് കനകരാജിനെ നായകനാക്കി ഒരു സിനിമ അരുൺ ചെയ്യുന്നെന്ന് അപ്ഡേറ്റ് വന്നിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്നാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. ഈ വർഷം തന്നെ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. അരുണിന്റെ മുൻ സിനിമകളെപ്പോലെ ആക്ഷനും വയലൻസിനും പ്രാധാന്യം കൊടുത്തായിരിക്കും ഈ സിനിമയും മുന്നോട്ട് പോകുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിനായി മാര്‍ഷല്‍ ആർട്സ് പരിശീലിക്കുന്നതിനോടൊപ്പം അടുത്ത സിനിമയായ കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലും ലോകേഷ് ഭാഗമാകുന്നുണ്ട് എന്നാണ് വിവരം.
രജനികാന്തിനെ നായകനാക്കി ഒരുങ്ങുന്ന ലോകേഷ് കനകരാജ് ചിത്രം കൂലി ആഗസ്റ്റ് 14 നാണ് റിലീസിനെത്തുന്നത്. രജനികാന്തിന്റെ വമ്പൻ തിരിച്ചുവരവാകും കൂലിയെന്നാണ് പ്രേക്ഷക പ്രതീക്ഷ. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ വ്യക്തമാക്കി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.