അഞ്ചാൻ റീ റിലീസ് ചെയ്യുന്ന വാർത്ത സൂര്യ ആരാധകർക്ക് വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ റീ റിലീസ് പതിപ്പിൽ നടൻ സൂരിയുടെ ഭാഗങ്ങൾ മുഴുവൻ ഒഴിവാക്കിയെന്നും ഈ ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നുവെന്ന് കണക്കിലെടുത്ത് രണ്ടാം ഭാഗത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമെന്ന് പറയുകയാണ് സംവിധായകൻ ലിംഗുസാമി.
ഈ റീ റിലീസ് പതിപ്പിൽ സൂര്യയുടെ ഭാഗങ്ങൾ മാത്രമേയുള്ളുവെന്നും ആദ്യം സിനിമ റിലീസ് ആയപ്പോൾ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ലിംഗുസാമി പറഞ്ഞു. സിനിമയിൽ ഉണ്ടായിരുന്ന ലാഗും മിക്ക സീനുകളും ചുരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂര്യ ഇപ്പോൾ ഊട്ടിയിൽ ആണെന്നും രണ്ടോ മൂന്നോ ദിവസങ്ങൾക്കുളിൽ അദ്ദേഹം റീ റിലീസ് പതിപ്പ് കാണുമെന്നും ലിംഗുസാമി കൂട്ടിച്ചേർത്തു. അഞ്ചാൻ റീ റിലീസിന് മുൻപുള്ള ഇവന്റിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
നവംബർ 28 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. സിനിമയുടെ നിർമാതാക്കളായ തിരുപ്പതി ബ്രദർഴ്സ് ആണ് റീ റിലീസിന്റെ വാർത്ത പുറത്തുവിട്ടത്. ഈ പുതിയ വേർഷൻ സൂര്യ ആരാധകരും സിനിമാപ്രേമികളായും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അഞ്ചാന്റെ ഹിന്ദി റീ എഡിറ്റഡ് പതിപ്പ് കണ്ട് അത്ഭുതപ്പെട്ടുപോയെന്നും ആ പതിപ്പ് ഉടൻ തമിഴിൽ എത്തിക്കാനുള്ള പരിപാടികൾ നടക്കുകയാണെന്നും ലിംഗുസാമി ഒരു അഭിമുഖത്തിൽ പറഞ്ഞു.




