ഹിറ്റ് കോമ്പോ ഇന്ദ്രജിത്തും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്നാണ് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി ലിജോ എത്തിയത്. ‘ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിൾ ബാരൽ ആയിരുന്നു. എന്റെ അടുത്ത സിനിമയിൽ ഒരു സർപ്രൈസിനായി നമ്മൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ’, എന്നായിരുന്നു എൽജെപിയുടെ പോസ്റ്റ്. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ സിനിമകൾക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച സിനിമകളാണ്.
സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് അവസാനമായി പുറത്തിറങ്ങിയ ലിജോ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ധീരം ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ഇന്ദ്രജിത് ചിത്രം. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ് ആണ് നിർമ്മിക്കുന്നത്. ഒരേ മുഖം, പുഷ്പക വിമാനം, പടക്കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തുന്നത്. അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, വിജയരാഘവൻ, റെബ മോണിക്ക ജോൺ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.




