ഈ വർഷത്തെ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡിസ്’ എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019 ലെ അറബി ചിത്രമായ ബുർഖ സിറ്റിയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്.
ബുർഖ സിറ്റിയിലെ ഒരു രംഗം ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഈ ഊഹാപോഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അറബി ചിത്രത്തിൻ്റെ കഥ അടിച്ചുമാറ്റി അതിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ലാപത ലേഡീസ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് ചിലരുടെ വാദം. ഇരു സിനിമയിലും കാണാൻ കഴിയുന്ന ചില സമാന രംഗങ്ങളും ചർച്ചയാകുന്നുണ്ട്.
വൈറലായ വീഡിയോയ്ക്ക് ശേഷം, റാവു അറബി സിനിമയിൽ നിന്ന് ആശയം പകർത്തിയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാൽ കഥ കോപ്പിയടി അല്ല അറബി സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാപതാ ലേഡിസ് നിർമിച്ചതെന്നാണ് മറ്റ് ചിലരുടെ വാദം.