മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. വ്യത്യസ്തമായ അവതരണത്തിലൂടെ ആരാധകരെ ലോകയുടെ വലയത്തിലാക്കിയിരിക്കുകയാണ് സിനിമ. നീലിയും ചാത്തനും മാടനും മറുതയും ഒടിയനുമെല്ലാം മലയാളികൾക്ക് സുപരിചിതരാണെങ്കിലും ഇവരുടെ പവറുകൾ എത്രമാത്രമുണ്ടെന്ന് കാണിക്കുകയാണ് സിനിമയിലൂടെ. മലയാളികളെ ഇതിന് മുന്നേ ത്രസിപ്പിച്ച ആദ്യ 3 ഡി ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ. ഇന്നും ഈ കുട്ടിച്ചാത്തന് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ ലോകയിലെ ചാത്തനൊപ്പം വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇടം നേടുകയാണ് കുട്ടിച്ചാത്തനും. 1984 ലെ ചാത്തനും 2025 ലെ ചാത്തനും എന്ന രീതിയിലാണ് പോസ്റ്റുകൾ ശ്രദ്ധ നേടുന്നത്. കാലം മാറുന്നതിന് അനുസരിച്ച് ചാത്തന്മാരും ട്രെൻഡിങ് ആയെന്നാണ് ആരാധകർ പറയുന്നത്. ജിജോ പുന്നൂസ് ഒരുക്കിയ കുട്ടിച്ചാത്തന്റെ അത്ര നിഷ്കളങ്കൻ അല്ല ഡൊമിനിക്കിന്റെ ചാത്തന്മാർ. ലോകയുടെ അടുത്ത ഭാഗത്തിൽ ചാത്തമാരുടെ കഥയാണ് എത്തുന്നത്. ചാത്തന്റെ വേലകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. മഞ്ഞുമ്മൽ ബോയ്സിനേയും എമ്പുരാന്റെയും കളക്ഷൻ റെക്കോർഡുകൾ തകർത്താണ് ലോക ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയില് ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി നേടി എന്ന നേട്ടവും കല്യാണി ലോകയിലൂടെ സ്വന്തമാക്കിയിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ വിറ്റ് പോയ ചിത്രമെന്ന റെക്കോർഡും ലോക സ്വന്തമാക്കിയിട്ടുണ്ട്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.