ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രകടനമായിരുന്നു തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയതെങ്കിലും തമിഴ്നാട്ടിൽ നിന്ന് സിനിമയ്ക്ക് കളക്ഷൻ നേടാൻ കഴിഞ്ഞിരുന്നില്ല. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. എന്നാൽ സ്ട്രീമിങ്ങിന് ശേഷവും ചിത്രത്തിനെത്തേടി മോശം അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.
ധനുഷ് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമ്പോഴും സിനിമയുടെ മൂന്ന് മണിക്കൂർ നീളം ബോറടിപ്പിക്കുന്നു എന്നാണ് കമന്റുകൾ. നിരവധി കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നെന്നും ഇതിൽ പലതും ഉദ്ദേശിച്ച തരത്തിൽ സംവിധായകന് പറയാൻ സാധിച്ചില്ലെന്നും കമന്റുകൾ ഉണ്ട്. എന്നാൽ ഇതിനൊപ്പം മികച്ച പ്രതികരണങ്ങളും സിനിമയെത്തേടി എത്തുന്നുണ്ട്. ഈ വർഷത്തെ ഗംഭീര സിനിമയാണ് കുബേരയെന്നും ധനുഷ് ഞെട്ടിച്ചെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് കുബേര സ്ട്രീം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നെ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച കുബേര അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. നാഗാർജുനയും രശ്മികയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.