ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന കിങ്ഡം ആണ് ഗൗതമിന്റെ സംവിധാനത്തിൽ ഇപ്പോൾ പുറത്തുവന്ന സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതേസമയം, ബോക്സ് ഓഫീസിൽ കളക്ഷൻ നേടുന്നതിൽ ചിത്രം മുന്നിലാണ്. കേരളത്തിലും ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. പുറത്തിറങ്ങി നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ഒന്നര കോടിയ്ക്കും മുകളിലാണ് കിങ്‌ഡത്തിന്റെ കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ.
സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളാണ് കേരളത്തിൽ പുറത്തുവന്നത്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. മലയാളം പതിപ്പ് കേരളത്തിൽ പുറത്തിറങ്ങാതെ ഇരുന്നിട്ടും ചിത്രത്തിന് കേരളത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ആദ്യ ദിനം കിങ്ഡം കേരളത്തിൽ നിന്ന് 50 ലക്ഷം കളക്ഷൻ നേടിയെന്നാണ് ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്തത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 67 കോടി നേടിയതായാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിങ്ഡം എന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിൽ നിരവധി പേർ കുറിക്കുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്. ആഗോള തലത്തിൽ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയിൽ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നിൽ. മലയാളി നടൻ വെങ്കിടേഷും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് സിനിമയിൽ എത്തുന്നത്.