‘ഹോം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ റോജിൻ തോമസ് ഒരുക്കുന്ന ജയസൂര്യ ചിത്രം ‘കത്തനാർ’ ഫസ്റ്റ് ലുക്ക് നാളെ എത്തുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കളായ ഗോകുലം മൂവീസാണ് അറിയിച്ചിരിക്കുന്നത്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബഡ്ജറ്റിലാണ് ‘കത്തനാർ’ ഒരുങ്ങുന്നത്. 75 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചിത്രം ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസ് ആണ് നിർമ്മിക്കുന്നത്. ചിത്രം 212 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അതിൽ 18 മാസവും റോജിൻ തോമസും സംഘവും ഒരുക്കിയ കൂറ്റൻ സെറ്റുകളിലായിരുന്നു ഷൂട്ടിംഗ്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു കാഴ്ചാനുഭവമായിരിക്കും ‘കത്തനാർ’ നൽകുക. ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ത്രിഡിയിൽ ഒരുക്കിയതെന്നതാണ് ഇതിന് കാരണം. ജയസൂര്യക്കൊപ്പം, തെന്നിന്ത്യൻ താരങ്ങളായ അനുഷ്ക ഷെട്ടിയും പ്രഭുദേവയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.