കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. എന്നാൽ സിനിമയ്ക്ക് ഒടിടിയിൽ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് കാർത്തി. ‘തമിഴിന് പുറത്ത് മെയ്യഴകന് നല്ല പ്രതികരണമാണ് ലഭിച്ചത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ക്ക് ഈ സിനിമ നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ, തമിഴ് സംസ്കാരത്തെക്കുറിച്ച് ചെയ്ത സിനിമക്ക് തമിഴ്നാട്ടില്‍ തിളങ്ങാനായില്ല. അത് ഞങ്ങള്‍ക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. മെയ്യഴകന്റെ സംവിധായകൻ പ്രേം കുമാറിന് തമിഴ്നാട്ടിലെ പ്രേക്ഷകരോട് യാതൊരു ദേഷ്യവുമില്ല.
പക്ഷേ, ഈ സിനിമയെ ആവശ്യമില്ലാതെ വലിച്ചു കീറിയ ചില യൂട്യൂബേഴ്സുണ്ട്. അവരോട് മാത്രമേ പ്രേമിന് ദേഷ്യമുള്ളൂ. സിനിമയുടെ ആത്മാവിനെ മനസിലാകാതെയാണ് അവരെല്ലാം സിനിമയെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്,’ കാര്‍ത്തി പറഞ്ഞു. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥയും കഥാപാത്രവും വല്ലപ്പോഴും മാത്രമാണ് വരാറുള്ളുവെന്നും അതിൽ ഒന്നാണ് മെയ്യഴകൻ എന്നും താൻ ഒരുപാട് എൻജോയ് ചെയ്താണ് സിനിമ പൂർത്തിയാക്കിയെതന്നും കാർത്തി കൂട്ടിച്ചേർത്തു.മെയ്യഴകന് കേരളത്തിൽ നിന്നും ഓവർസീസ് മാർക്കറ്റില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ തമിഴ് നാട്ടിൽ ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ല. സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. ’96’ എന്ന സിനിമയ്ക്ക് ശേഷം പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മെയ്യഴകൻ.




