‘സൂദു കവ്വും’ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നളൻ കുമാരസാമിക്കൊപ്പം നടൻ കാർത്തി ഒന്നിക്കുന്ന പുതിയ ചിത്രം ആണ് വാ വാത്തിയാർ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. കൃതി ഷെട്ടിയാണ് ‘വാ വാത്തിയാർ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. സത്യരാജ് ആണ് കാർത്തിയുടെ വില്ലനായി എത്തുന്നത്. നടൻ രാജ് കിരണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രം ഡിസംബർ 26 പുറത്തിറങ്ങുമെന്ന് അറിയിച്ചെങ്കിലും റിലീസ് മാറ്റിവെക്കുകയായിരുന്നു. 8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. കാതലും കടന്തു പോവും ആണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. അതേസമയം ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം ആമസോൺ പ്രൈം സ്വന്തമാക്കി. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്.
എംജിആറിനെ തമിഴ്നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് ‘വാത്തിയാർ’. എംജിആർ അഭിനയിച്ച നമ്മ നാട് എന്ന ചിത്രത്തിലെ ‘വാംഗയ്യ വാത്തിയാർ അയ്യ’ എന്ന ഗാനം ഹിറ്റായതോടെയാണ് എംജിആറിനെ വാത്തിയാർ എന്ന് വിളിച്ചു തുടങ്ങിയത്. അതേസമയം തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു പക്കാ കൊമേർഷ്യൽ പടം ആകും എന്ന സൂചനയാണ് ടീസർ നൽകുന്നത്.
അതേസമയം, മെയ്യഴകൻ ആണ് അവസാനമായി തിയേറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയേറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.




