പണം വാരിക്കൂട്ടി കാന്താര. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമ ഒക്ടോബർ 2 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റൈറ്റ്സിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 125 കോടി രൂപയ്ക്കാണ് കാന്താര ചാപ്റ്റര്‍ 1 ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ ഭാഷ പതിപ്പുകളും ചേര്‍ത്തുള്ള തുകയാണ് ഇത്. കെജിഎഫ് ചാപ്റ്റർ 2 ന് ശേഷം ഏറ്റവും കൂടുതൽ സ്ട്രീമിങ് തുക ലഭിക്കുന്ന രണ്ടാമത്തെ സിനിമയാണ് കാന്താര 2. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ കാന്താര, കെ.ജി.എഫ് ചാപ്റ്റർ 2, 777 ചാർലി, സലാർ: പാർട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാൻ-ഇന്ത്യൻ ബ്രാൻഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാറിയിരിക്കുന്നു.
അതേസമയം, സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് ഫിയോക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 % ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.