കാന്താര ചാപ്റ്റർ 1 ചിത്രത്തിലെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്.രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ഇന്ന് ഹോംബലെ ഫിലിംസ് പുറത്തുവിട്ടു. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. 2019-ൽ Birbal Trilogy Case 1: Finding Vajramuni എന്ന കന്നഡ ചിത്രത്തിലൂടെയാണ് രുക്മിണി വസന്തിന്റെ സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം. 2023-ൽ പുറത്തിറങ്ങിയ Sapta Saagaradaache Ello – Side A & B-യിലെ പ്രിയ എന്ന കഥാപാത്രം, വിമർശകരുടെ പ്രശംസയ്ക്കും നിരവധി അംഗീകാരങ്ങൾക്കും അർഹയാക്കി.പിന്നീട് ബാണദരിയല്ലി, ബഗീര, ഭൈരതി രണഗൾ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായി.
2025-ൽ വിജയ് സേതുപതിയോടൊപ്പം തമിഴ് സിനിമയിലും,തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിക്കുന്ന രുക്മിണി, കാന്താര 2യിലെ കനകാവതിയിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കൂടുതൽ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ അന്ന് ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ ഇതിൻറെ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര് വളരെ ആകാംക്ഷയോടെയാണ് കാന്താര ചാപ്റ്റർ 1-നെ കാത്തിരിക്കുന്നത്.
മൂന്ന് വര്ഷം കൊണ്ടാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായത്.2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1, ഒക്ടോബർ 2, 2025-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യും.കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തും.