എംപുരാൻ, തുടരും എന്നീ സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. മലയാളത്തിന് പുറമേ തെലുങ്കിലും വിസ്മയം തീർക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ. ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ – ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യാണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
മോഹൻലാലിന്റെ 65-ാം ജന്മദിനത്തോടനുബന്ധിച്ച് കണ്ണപ്പയിലെ മോഹൻലാലിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് നിർമാതാക്കൾ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പയിൽ പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന.