MalayalamNews

കന്നട ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി കമല്‍ഹാസന്‍

കന്നഡയുടെ ഉത്ഭവം തമിഴ് ഭാഷയില്‍ നിന്നാണെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ കമല്‍ ഹാസന്‍. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ‘തഗ്ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്നേഹത്തില്‍ നിന്ന് പറഞ്ഞതാണത്. വളരെ അപൂര്‍വതയുള്ള സംസ്ഥാനമാണ് തമിഴ്നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. കന്നഡയിലെ ജനങ്ങള്‍ ‘തഗ് ലൈഫ്’ എന്ന ചിത്രം ഏറ്റെടുക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. ഇതൊരു മറുപടിയില്ല, വിശദീകരണമാണെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കമലിന്റെ പ്രതികരണത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാണ്. കമല്‍ ഹാസനെതിരെ കന്നഡ അനുകൂല സംഘടനകള്‍ ബംഗളൂരുവില്‍ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ കീറിക്കൊണ്ട് പ്രതിഷേധിച്ചു. കമല്‍ ഹാസന്‍ നടത്തിയത് നിലവാരമില്ലാത്ത പ്രതികരണമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പ കുറ്റപ്പെടുത്തി. കമല്‍ ഹാസന്‍ കന്നഡയെ അപമാനിച്ചു. നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി കന്നഡയെ ഇകഴ്ത്തി സംസാരിച്ച കമല്‍ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, കമല്‍ ഹാസനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. കമല്‍ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ‘കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമല്‍ ഹാസന് അതറിയില്ല’. എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കമല്‍ ഹാസന്റെ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളും രംഗത്തെത്തി. ‘കന്നഡയ്ക്കും കന്നഡിഗര്‍ക്കുമെതിരെ സംസാരിച്ചാല്‍ സിനിമ നിരോധിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു,’ എന്ന് കര്‍ണാടക രക്ഷണ വേദി നേതാവ് പ്രവീണ്‍ ഷെട്ടി പ്രതികരിച്ചു.

‘എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നര്‍ഥം വരുന്ന ‘ഉയിരേ ഉറവേ തമിഴേ’ എന്ന വാക്കുകളോടെയാണ് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ പ്രസംഗം ആരംഭിച്ചത്. വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധ ചെയ്തുകൊണ്ട് സംസാരിച്ച കമല്‍ പിന്നാലെയായിരുന്നു കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. ‘എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്, അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.’- എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button