മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി, വിനായകനും പ്രധാന വേഷത്തിലെത്തുന്ന ‘കളങ്കാവലി’ന്റെ ആഗോള റിലീസ് മാറ്റി. നവംബർ 27-ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ മാറ്റിവെച്ചതായി അറിയിച്ചത്.
പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. റിലീസ് മാറ്റം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ താരങ്ങളെ ഒഴിവാക്കി ഒരു കാർ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ പോസ്റ്റർ മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്തായി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘കളങ്കാവലി’നുണ്ട്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫെയറർ ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയിൽ വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ ‘കളങ്കാവലി’നെ കാത്തിരുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ശ്രദ്ധേയമാണ്. മുജീബ് മജീദ് സംഗീത സംവിധാനവും, ഫൈസൽ അലി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. പ്രവീൺ പ്രഭാകർ എഡിറ്റിംഗും, വിനായക് ശശികുമാർ, ഹരിത ഹരി ബാബു എന്നിവർ വരികളും ഒരുക്കി. ചിത്രത്തിലെ ‘നിലാ കായും’ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പ്രധാന അണിയറ പ്രവർത്തകർ: എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. പുതിയ റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകവും മമ്മൂട്ടി ആരാധകരും.




