കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ കളങ്കാവല്‍ തിയേറ്ററുകളിലേക്ക് എത്തുന്നു. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ അഡ്വാന്‍സ് ബുക്ക് ആരംഭിച്ചിരിക്കുകയാണ്. രാവിലെ 11.11 മുതലാണ് ബുക്കിങ് ആരംഭിച്ചത്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ബുക്ക് മൈ ഷോയില്‍ ലഭിക്കുന്നത്.വരുന്ന മമ്മൂട്ടി ചിത്രം, മമ്മൂട്ടിയുടെ വില്ലന്‍ വേഷം തുടങ്ങി ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് കളങ്കാവല്‍. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
അവരുടെ ആ പ്രതീക്ഷയാണ് ബുക്കിങില്‍ കാണുന്ന തിരക്കും. ബുക്ക് മൈ ഷോയ്ക്ക് പുറമെ ടിക്കറ്റ് ന്യു, ഡിസ്ട്രിക്ട് ആപ്പുകളിലൂടേയും ടിക്കറ്റ് ബുക്ക് ചെയ്യാം. 10,000 ടിക്കറ്റുകളാണ് ഇതിനോടകം ബുക്ക് മൈ ഷോയില്‍ മാത്രമായി ബുക്ക് ചെയ്യപ്പെട്ടത്. റിലീസിന് മുമ്പായുള്ള പ്രീ റിലീസ് ടീസര്‍ ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് പുറത്തിറങ്ങും. കൊച്ചിയില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടിയും ചിത്രത്തിലെ 23 നായികമാരും പങ്കെടുക്കും. കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവല്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.
എന്നാല്‍ സയനൈഡ് മോഹന്റെ കഥയല്ലെന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടാകാമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം വേഫേറര്‍ ഫിലിംസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജേസും ചേര്‍ന്നാണ് രചന. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണ് കളങ്കാവല്‍. മമ്മൂട്ടിയ്‌ക്കൊപ്പം വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയന്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.




