Malayalam

‘ഭഭബ’ 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ട്: കലാമണ്ഡലം സത്യഭാമ

ദിലീപ് നായകനായ ഭഭബ നൂറ് ദിവസം ഓടുമെന്ന് കലാമണ്ഡലം സത്യഭാമ. സിനിമ നൂറ് ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിയ്ക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്നും സത്യഭാമ പറയുന്നു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു സത്യഭാമയുടെ പ്രതികരണം. അവനൊപ്പം നില്‍ക്കുന്നവര്‍ സിനിമയെ ഏറ്റെടുത്തുവെന്നാണ് സത്യഭാമ പറയുന്നത്.”പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു ദിലീപിന്റെയും, സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികള്‍ ഏറ്റെടുത്തിരിക്കുന്നു. 100% എന്റര്‍ടെയ്ന്‍മെന്റ് പെര്‍ഫോമന്‍സ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എന്റെ മനസ് പറയുന്നുണ്ട്. 100 ദിവസം ഓടിയാല്‍ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാന്‍ നേര്‍ന്നിട്ടുണ്ട്. 10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദര്‍ശന കേന്ദ്രങ്ങളിലും കാണുന്നത്” എന്നാണ് സത്യഭാമയുടെ കുറിപ്പ്.

ദിലീപ് നായകനായ ഭഭബയില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, സാന്‍ഡി മാസ്റ്റര്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയുടെ രചന അഭിനേതാക്കളായ ഫാഹിം സഫറും നൂറിന്‍ ഷരീഫുമാണ്. ഇരുവരും ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ദിലീപ് ആരാധകര്‍ സിനിമയെ ആഘോഷിക്കുമ്പോഴും ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ശക്തമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായെങ്കിലും, മാറിയ മലയാള സിനിമയില്‍ തന്റെ ഇടം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭഭബയുമായി ദിലീപെത്തുന്നത്. എന്നാല്‍ പുതിയ കാലത്തെ സിനിമയ്ക്കൊപ്പം ദിലീപിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയം സിനിമാ സ്നേഹികളും നിരൂപകരുമെല്ലാം ഉന്നയിച്ചിരുന്നു.ലോജിക് ഇല്ലാത്ത, മുഴുനീള മാഡ്‌നെസ് എന്നാണ് സിനിമയ്ക്ക് ദിലീപ് ആരാധകര്‍ നല്‍കിയ റിവ്യു. എന്നാല്‍ വൈകുന്നേരത്തോടെ ആ കഥ മാറി. ലാലേട്ടനെക്കൊണ്ടും, വിജയ് റഫറന്‍സുകള്‍ക്കും സിനിമയെ രക്ഷിക്കാനായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. പുതിയ കാലത്തിനൊത്ത് മാറാന്‍ ദിലീപിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button