ലോക സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ എത്തിച്ച സിനിമയാണ് ജോൺ വിക്ക്. കീനു റീവ്സ് ടൈറ്റിൽ കഥാപാത്രമായി എത്തിയ ചിത്രം ഹോളിവുഡിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ സിനിമയുടേതായി നാല് ഭാഗങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. നാലും വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നേടിയത്. സിനിമയുടെ അഞ്ചാം ഭാഗം വരുന്നു എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ച് ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ജോൺ വിക്കിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലാസ് വെഗാസിൽ നടക്കുന്ന സിനിമാകോൺ എന്ന ചടങ്ങിലാണ് സിനിമയുടെ അണിയറപ്രവർത്തകർ അഞ്ചാം ഭാഗത്തിന്റെ അപ്ഡേറ്റ് നൽകിയത്. ഒപ്പം സിനിമയുടേതായി ഒരു ആനിമേറ്റഡ് പ്രീക്വലും പുറത്തിറങ്ങുന്നുണ്ട്. ജോൺ വിക്കിന്റെ ആദ്യ ഭാഗത്തിനും മുൻപ് നടന്ന സംഭവങ്ങളാണ് ഈ ആനിമേറ്റഡ് പ്രീക്വലിൽ പറയുന്നത്. ഒപ്പം ജോൺ വിക്ക് നാലാം ഭാഗത്തിലെ കഥാപാത്രമായ കൈനിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ഒരു സ്പിൻ ഓഫ് സിനിമയിൽ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.
ആദ്യ മൂന്ന് ഭാഗങ്ങൾ ഒരുക്കിയ ചാഡ് സ്റ്റാഹെൽസ്കി തന്നെയാണ് അഞ്ചാം ഭാഗവും ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ബേസിൽ ഇവാനിക്കും എറിക്ക ലീയും ചേർന്നാകും അഞ്ചാം ഭാഗം നിർമിക്കുക. 2014 ലാണ് ആദ്യത്തെ ജോൺ വിക്ക് പുറത്തിറങ്ങുന്നത്. 86.1 മില്യൺ ഡോളർ ബോക്സ് ഓഫീസിൽ നിന്നും വാരിയ സിനിമയ്ക്ക് വലിയ ആരാധകരും ഉണ്ടായി. തുടർന്ന് 2017, 2019, 2023 കളിൽ സിനിമയ്ക്ക് തുടർഭാഗങ്ങൾ ഉണ്ടായി.