ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. സിനിമ ഏപ്രിലിൽ തിയേറ്ററിലെത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. കൊച്ചയിൽ നടന്ന ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് പ്രതികരണം. ആദ്യമായാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകൻ വെളിപ്പെടുത്തുന്നത്.
‘ദൃശ്യം ആളുകളെ സ്വാധീനിച്ചൊരു സിനിമായായി മാറി. അതിന്റെ ഭാരമുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു’, ജീത്തു പറഞ്ഞു.’ജനുവരി 30-ന് വേറൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. ബിജു മേനോനും ജോജു ജോർജും ഒന്നിച്ചഭിനയിച്ച ‘വലതുവശത്തെ കള്ളൻ’. നല്ലൊരു സിനിമയായിരിക്കും, ഞാൻ വളരേ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങി. ദൃശ്യം മാത്രമല്ല കേട്ടോ, ഞാൻ വേറേയും സിനിമകൾ ചെയ്യുന്നുണ്ട്’, എന്നും തമാശരൂപേണ ജിത്തു പറഞ്ഞു.
ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് നേരത്തെ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച വേഷത്തിലെത്തേണ്ടിയിരുന്ന അക്ഷയ് ഖന്ന പിന്മാറിയത് വലിയ വിവാദമായിരുന്നു. അഭിഷേക് പഥക് ആണ് ചിത്രം സംവിധാനംചെയ്യുന്നത്. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.
സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.




