ChithrabhoomiNew Release

“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്

ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എൽ ദി മജെസ്റ്റിക്ക്’ എന്ന വിഡിയോയിൽ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങൾ അണിയറപ്രവർത്തകർ പങ്കുവെയ്ക്കുന്നു.

ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ രജപുത്ര വിഷ്വൽ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 80കളിലും ,90കളിലുമായിറങ്ങിയ വരവേൽപ്പ്, മിഥുനം പോലുള്ള ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളുടെ ഒരു പുതിയ പതിപ്പിനെ സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് തരുൺ മൂർത്തി അവകാശപ്പെടുന്നത്.

തരുൺ മൂർത്തിക്കൊപ്പം നിർമ്മാതാവ് എം രഞ്ജിത്ത്, സഹാതിരക്കഥാകൃത്തും, ഫോട്ടോഗ്രാഫറുമായ കെ.ആർ സുനിൽ, നടൻ ബിനു പപ്പു എന്നിവരും അനുഭവങ്ങൾ പങ്കിടുന്നു. “നിമിഷനേരംകൊണ്ട് അയാൾ അങ്ങ് മാറി, ഈ കഥാപാത്രം മോഹൻലാലിന് മാത്രമേ ചെയ്യാൻ കഴിയൂ, ഇനിയിതുപോലൊരു നടനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്” മോഹൻലാലിനെ കുറിച്ച് എം. രഞ്ജിത്തിന്റെ വാക്കുകൾ.

“മോഹൻലാൽ അഭിനയിക്കുമ്പോൾ നിശബ്ദതയിൽ പോലുമുള്ള നോട്ടങ്ങൾ, ചില ശരീര ചലനങ്ങൾ ഒക്കെ അദ്ദേഹത്തെ ഒരു നടനെന്ന രീതിയിൽ, പ്രേക്ഷകർ മറ്റൊരു ലീഗിൽ പ്രതിഷ്ഠിച്ചിരിക്കുന്നതിന് കാരണമാണ്, സിനിമയെ സ്നേഹിക്കുന്നവർക്കും, സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർക്കുമൊക്കെ മോഹൻലാൽ ഒരു പാഠപുസ്തകമാണ്” തരുൺ മൂർത്തി പറഞ്ഞു. ചിത്രം ഫാമിലി ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് തരുൺ മൂർത്തി അവകാശെപ്പെടുന്നുണ്ട് എങ്കിലും, ട്രെയിലറിലെ ചില ദൃശ്യങ്ങളും ചില പോസ്റ്ററുകളും നിരീക്ഷിച്ച് ഒരു വിഭാഗം ആരാധകർ തറപ്പിച്ച് പറയുന്നത് ഇതുവരെ പുറത്തുവിടാത്ത ഒരു ത്രില്ലിംഗ് പശ്ചാത്തലവും ചിത്രത്തിനുണ്ട് എന്നാണ്. ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫാൻമേഡ് പോസ്റ്ററുകൾ പ്രേക്ഷകരിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ചിത്രത്തിന്റെ സ്വഭാവമതല്ലായെന്നും തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button