ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി റിലീസിനൊരുങ്ങുന്ന കൂലി എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ പ്രചാരണം. സിനിമയുടെ സൗണ്ട് മിക്സിങ് പൂർത്തിയായത് അറിയിച്ച് കൊണ്ട് സംവിധായകൻ ലോകേഷ് കനഗരാജ്ഉം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പങ്ക് വെച്ച ഒരു ചിത്രത്തിന്റെ അതേ ബാക്ക്ഗ്രൗണ്ടിന് മുൻപിൽ ശിവകാർത്തികേയൻ നിൽക്കുന്ന ഒരു ചിത്രം വൈറൽ ആയതോടെയാണ് കൂലിയിൽ താരത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സംവാദങ്ങൾ കൊഴുത്തത്.
രജനികാന്തിന്റെ ചിത്രമുള്ള ഒരു സോഫയുടെ മുന്നിൽ നിന്നാണ് ലോകേഷും അനിരുദ്ധും പ്രസ്തുത ഫോട്ടോയിൽ ശിവകാർത്തികേയനും ചിത്രം പകർത്തിയത്. എന്നാൽ ആ വാദത്തിൽ സത്യാവസ്ഥയൊന്നും തന്നെയില്ലായെന്ന് പറഞ്ഞുകൊണ്ട് മുമ്പോട്ട് വന്നിരിക്കുകയാണ് തമിഴിലിലെ ചില ഫിലിം അപ്പ്‌ഡേറ്റ് അക്കൗണ്ടുകളും, ഓൺലൈൻ ചാനലുകളും. ഈ പറയപ്പെടുന്ന സ്ഥലം അനിരുദ്ധിന്റെ മ്യൂസിക്ക് സ്റ്റുഡിയോ ആണ്, ശിവകാർത്തികേയന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും പിന്നണിയിൽ പ്രവർത്തിച്ചത് അനിരുദ്ധ് ആയതിനാൽ ശിവകാർത്തികേയന്റെ സ്റ്റുഡിയോയിലെ സാന്നിധ്യം കൂലിയിലേക് വിരൽ ചൂണ്ടുന്നതല്ലായെന്ന് അവർ പറയുന്നു.
എന്നാൽ റൂമറുകൾ അവിടെയും അവസാനിച്ചില്ല, കൂലിയുടെ ഓഡിയോ ലോഞ്ചിനെത്തിയ ആമിർ ഖാൻ തന്റെ പുതിയ ചിത്രമായ ‘സിത്താരെ സമീൻ പർ’ കൂലിയുടെ ടീമിനൊപ്പം കാരവാനിലിരുന്ന് കാണുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിന്റെ ഒപ്പം ആമിർ ഖാന്റെ അക്കൗണ്ട് ടാഗ് ചെയ്തവരുടെ കൂട്ടത്തിൽ ശിവകർത്തികേയനുമുണ്ടെന്ന് ആരാധകർ കണ്ടെത്തിയതാണ് അണിയറപ്രവർത്തകർക്ക് പറ്റിയ അടുത്ത പൊല്ലാപ്പ്. രണ്ട് റൂമറുകളോടും യാതൊരു വിധത്തിലും അണിയറപ്രവർത്തകർ പ്രതികരിക്കാത്തതും, കൂലിയിൽ ശിവകാർത്തികേയന്റെ സസ്പെൻസ് അതിഥി വേഷമുണ്ടെന്ന് പ്രതീക്ഷിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്ന് വേണം കരുതാൻ. ലോകേഷിന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സായ lcu വിൽ കൂലി ഉൾപ്പെടില്ല എന്ന് പറഞ്ഞ ശേഷവും lcu ആണോയെന്ന നിരന്തരമായ ആരാധകരുടെ ചോദ്യത്തിന് ‘അനാവശ്യമായ ഊഹാപോഹങ്ങളും ഫാൻ തിയറികളും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുമെന്ന്’ ലോകേഷ് കനഗരാജ് മറുപടി പറഞ്ഞിരിക്കെയാണ് ഇപ്പൊ ശിവകാർത്തികേയനുമായി ബന്ധപ്പെട്ടുള്ള പുതിയ ചർച്ച.