പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം (goat life) എന്ന ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം ലഭിക്കാത്തതിന് കാരണം പലതും VFX കൊണ്ട് സൃഷ്ടിച്ചതായതിനാലാണെന്ന് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. ഈ പ്രസ്താവനയ്ക്ക് ഒരു ഇൻഫ്ലുവെൻസർ നൽകിയ മറുപടിയും ശ്രദ്ധേയമായി. 2024 ലെ രാജ്യത്തെ മികച്ച സംവിധായകനും, മികച്ച ഛായാഗ്രഹണത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ ‘ദി കേരള സ്റ്റോറി’ നേടിയതിനെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ കാൾ ലഫ്രനെയ്സ് പോസ്റ്റ് ചെയ്ത റീലിന്റെ കമന്റ് ബോക്സിൽ വന്നതായിരുന്നു സുദീപ്തോ സെന്നിന്റെ പ്രസ്താവന.
“ഛായാഗ്രഹണത്തിനുള്ള പുരസ്കാരം എന്തിനാണ് നൽകുന്നതെന്ന് നിങ്ങൾക്കറിയാമോ? ആടുജീവിതം എനിക്കും ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ചിത്രത്തിലെ ദൃശ്യങ്ങൾ VFX ഉപയോഗിച്ചാണ് തയാറാക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ജൂറികൾ സംസാരിക്കുന്നത് ശ്രദ്ധിക്കൂ. ഇൻസ്റ്റാഗ്രാമിൽ എന്തും എഴുതാനുള്ള സൗകര്യം ഉണ്ടെന്നു കരുതി, എന്തും എഴുതി പിടിപ്പിക്കാമെന്ന് കരുതരുത്. അല്പജ്ഞാനം ആപത്ത് എന്നൊരു ചൊല്ലുണ്ട്. നിങ്ങൾ കേരളത്തിൽ നിന്നല്ലേ? അപ്പൊ കുറച്ച് യുക്തിപൂർവ്വമായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു” സുദീപ്തോ സെൻ കുറിച്ചു. സുനിൽ കെ,എസ് കൈകാര്യം ചെയ്ത ആടുജീവിതത്തിന്റെ ഛായാഗ്രഹണത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശംസകൾ ലഭിച്ചിരുന്നുവെങ്കിലും, ദേശീയ പുരസ്‌കാരം ദി കേരള സ്റ്റോറിക്കായി പ്രശാന്തനു മോഹപത്ര നേടിയെടുത്തിരുന്നു. സുദീപ് സെന്നിന്റെ കമന്റും കാൾ ലഫ്രനെയ്സ് പറഞ്ഞ മറുപടിയും, ‘ഒരു ദേശീയ പുരസ്‌കാര ജേതാവിനെ സിനിമ പഠിപ്പിക്കുകയെന്നത് എന്റെ ഈ വർഷത്തെ ബക്കറ്റ് ലിസ്റ്റിൽ ഇല്ലായിരുന്നു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം മറ്റൊരു പോസ്റ്റാക്കി പങ്കു വെച്ചു.
“അങ്ങനെയെങ്കിൽ ലൈഫ് ഓഫ് പൈ, ബ്ലേഡ് റണ്ണർ 2049, ഡൂൺ, ഗ്രാവിറ്റി എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ ലഭിച്ചില്ലേ?, VFX എന്ന ഘടകം ഒരു സിനിമയെ പുരസ്‌കാരത്തിനുള്ള അർഹതയ്ക്ക് അയോഗ്യമാക്കുമെങ്കിൽ, സിനിമാ ലോകത്തെ പകുതി ദൃശ്യാവിഷ്ക്കര സാദനകളും സംസാര വിഷയം പോലുമാകില്ലായിരുന്നു. പിന്നെ ഇൻസ്റ്റാഗ്രാമിൽ എഴുതുന്നതിനെക്കുറിച്ചുള്ള നിങ്ങൾ ക്ലാസ്സെടുത്തത് കൊണ്ട് പറയട്ടെ, എന്തും എഴുതാനുള്ള അവകാശം, ‘ആവിഷ്ക്കാരസ്വാതന്ത്ര്യമാണ്’. ഭരണഘടനയെക്കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉള്ളത് നല്ലതാണ്. പിന്നെ ‘സിനിമയോടുള്ള സ്നേഹത്തിനായി മാത്രം’ നിങ്ങളുടെ ചിത്രത്തെ ആടുജീവിതവുമായി താരതമ്യം ചെയ്യരുത്” കാൾ ലഫ്രനെയ്സ് കുറിക്കുന്നു.




